Mar Jacob of Nisibis

നിസിബിസിലെ മാര്‍ യാക്കോവ്

കൈത്താക്കാലം ഒന്നാം വെള്ളി: 
നിസിബിസിലെ മെത്രാനായിരുന്ന മാര്‍ യാക്കോവ് മല്പാന്റെ ഓര്‍മ.

കൈത്താകാലത്തിലെ ആദ്യ വെള്ളിയാഴ്‌ച്ച പൗരസ്‌ത്യ സുറിയാനി സഭയില്‍ നിസിബിസിലെ മാര്‍ യാക്കോബിന്റെ ദുക്റാന ആചരിക്കപ്പെടുന്നു. സത്യത്തിന്റെ വലിയ പ്രബോധകനും വക്താവുമായിരുന്ന നിസിബിസിലെ ഈ മെത്രാന്റെ പേരില്‍ ലിഖിത കൃതികളൊന്നും നമുക്ക് ലഭിച്ചിട്ടില്ലാത്തതിനാല്‍ സഭാപിതാക്കന്മാരുടെ ഗണത്തില്‍ അദ്ദേഹം ഉള്‍പ്പെട്ടിട്ടില്ല. എങ്കിലും വിശുദ്ധവും ഭാഗ്യപൂര്‍ണ്ണവുമായ തന്റെ ജീവിതം തന്നെ ഒരു മഹാകൃതിയായി സഭയ്‌ക്ക് സമ്മാനിച്ചിരിക്കുന്ന അദ്ദേഹം സുറിയാനി സഭാമക്കളുടെ സ്‌മരണയ്‌ക്ക് അര്‍ഹന്‍ തന്നെ. വിശുദ്ധനും പണ്ഡിതനുമായ ഈ മെത്രാനെക്കുറിച്ച് അദ്ദേഹത്തിന്റെ ചില സമകാലികരുടെ കൃതികളില്‍ നിന്നും കുറയൊക്കെ വിവരങ്ങള്‍ നമുക്ക് ലഭ്യമാണ്. 

മെസോപ്പൊട്ടാമിയയില്‍ ജീവിച്ചിരുന്ന ഒരു മഹാതാപസനായിട്ടാണ് സൈറസിലെ തെയോഡോറൈറ്റ് അദ്ദേഹത്തെ ചിത്രീകരിക്കുക. തന്റെ വീടും സ്വത്തുമുപേക്ഷിച്ച് നിസിബിസിലെ മലനിരകളില്‍ അഭയം തേടിയ അദ്ദേഹം മനുഷ്യചരങ്ങളാല്‍ നിര്‍മ്മിക്കപ്പെട്ട ഭവനങ്ങളില്‍ താമസിക്കു കയോ പാകം ചെയ്‌ത ഭക്ഷണം കഴിക്കുകയോ ചെയ്യാറില്ലായിരുന്നു. പഴങ്ങള്‍ ഭക്ഷിക്കുകയും ആട്ടിന്‍ രോമംകൊണ്ടുള്ള വസ്‌ത്രങ്ങള്‍ ധരിക്കുകയും ചെയ്‌തിരുന്ന അദ്ദേഹം അജ്ഞാതനായി കഴിയുവാന്‍ ഏറെ ആഗ്രഹിച്ചിട്ടുണ്ടെങ്കിലും അദ്ദേഹത്തില്‍ വിളങ്ങിയിരുന്ന ഗുണങ്ങളും അദ്ദേഹ ത്തില്‍നിന്നു പരന്ന പുണ്യപരിമളവും അനേകരെ അദ്ദേഹത്തിലേക്ക് ആകര്‍ഷിച്ചു. അങ്ങനെ നിസിബിസിലെ സഭയുടെ ആദ്യ മെത്രാനായി AD 308ല്‍ അദ്ദേഹം ഉയര്‍ത്തപ്പെട്ടു.

തന്റെ പഠനങ്ങളിലൂടെയും സിദ്ധാന്തങ്ങളിലൂടെയും സഭാഗാത്രത്തെ പടുത്തുയര്‍ത്തിയ അദ്ദേഹം നിസിബിസിലെ സഭയുടെ പിതാവായി ഗണിക്കപ്പെടുന്നു. നിസിബിസില്‍ പള്ളി സ്ഥാപിക്കുകയും ആദ്യത്തെ ദൈവശാസ്‌ത്രകലാലയം ആരംഭിക്കുകയും ചെയ്‌ത അദ്ദേഹം മാര്‍ അപ്രേമിന്റെ ആത്മീയ ഗുരുവായിരുന്നു. മാര്‍ യാക്കോബ് ആ സഭയ്‌ക്കു ചെയ്‌ത സേവനങ്ങളെപ്പറ്റി തന്റെ നിസിബിയന്‍ ഗീതങ്ങളില്‍ അദ്ദേഹം “അവളെ ജനിപ്പിക്കുകയും അവളുടെ ശൈശവത്തില്‍ അവള്‍ക്ക് പാല് നല്‍കുകയും” ചെയ്‌തുവെന്നാണ് മാര്‍ അപ്രേം വിവരിക്കുന്നത് (നിസിബിയന്‍ ഗീതങ്ങള്‍ 14.6). അപ്രേമിനെ ആ സഭയുടെ മല്പാനായും വിശുദ്ധഗ്രന്ഥവ്യാ താവായും നിയമിച്ചതും മാര്‍ യാക്കോവ് മെത്രാനായിരുന്നു. മാര്‍ അപ്രേമിന്റെ സുറിയാനിയിലുള്ള ജീവചരിത്രത്തില്‍ മാര്‍ യാക്കോബ് മെത്രാന്റെ അമൂല്യ വ്യക്തിത്വം വര്‍ണിക്കപ്പെടുന്നുണ്ട്.

“ഭക്തിയില്‍ പൂര്‍ണ്ണനാക്കപ്പെട്ട അദ്ദേഹത്തിലൂടെ ദൈവത്തിന്റെ കൃപ അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചു. അദ്ദേഹത്തിന്റെ കരങ്ങളിലൂടെ ശക്തമായ അടയാളങ്ങള്‍ നടന്നു. റൂഹായാല്‍ പൂരിതനായ അദ്ദേഹത്തിന് ഭാവി മുന്‍കൂട്ടി പ്രവചിക്കുവാന്‍ കഴിഞ്ഞിരുന്നു” (J.P. Amar, tr., The Syriac Vita Tradition of Ephrem the Syrian, CSCO 630, Scri.Syri 243, Louvain 2011, p. 8)

അദ്ദേഹം നേരിട്ട് മാര്‍ അപ്രേമിനെ പഠിപ്പിച്ചിരുന്നു. അപ്രേം പിതാവാകട്ടെ തന്റെ മെത്രാനെ അനുകരിക്കാന്‍ ശ്രമിച്ചുകൊണ്ട് മെത്രാന്‍ ഭവനത്തില്‍ കഴിഞ്ഞിരുന്നു. പൗരസ്‌ത്യ സുറിയാനി സഭയില്‍നിന്നും നിഖ്യാ സൂനഹദോസ്സില്‍ പങ്കെടുത്ത അദ്ദേഹം അവിടേയ്‌ക്ക് പോയപ്പോള്‍ മാര്‍ അപ്രേമിനെ ഒപ്പം

കൊണ്ടുപോയതായി ചില രേഖകള്‍ സാക്ഷിക്കുന്നു (JP. Amar, u. Th Syriac Vita, p. 16), സൂനഹദോസ്സില്‍ ആര്യന്‍ പാഷണ്ഡതയ്‌ക്കെതിരെ ഈശോയുടെ ദൈവത്വത്തെ സമര്‍ത്ഥിച്ച അദ്ദേഹം സത്യത്തിന്റെ ഒരു വലിയ പ്രബോധകനും വക്താവുമായി നിലകൊണ്ടു. തന്റെ ജീവിതകാലം മുഴുവന്‍ സത്യവചനത്തിന്റെ ധീരസാക്ഷിയായ അദ്ദേഹം വീരോചിതമായ പുണ്യങ്ങളാല്‍ നിറഞ്ഞ് ഇഹലോകവാസം വെടിഞ്ഞ് ദൈവസന്നിധിയിലേക്ക് യാത്രയായി. അദ്ദേഹത്തിന്റെ ദേഹവിയോഗത്തില്‍ ദുഖിതനായ മാര്‍ അപ്രേം തന്നെ അദ്ദേഹത്തെ നിസിബിസിലെ പള്ളിയില്‍ സംസ്‌ക്കരിച്ചുവെന്ന് മാര്‍ അപ്രേമിന്റെ ജീവചരിത്രം സാക്ഷിക്കുന്നുണ്ട് (JP, Amar, t, The Syrian Vita, p. 22). എന്നാല്‍ ദൈവീകരിക്കപ്പെട്ട അദ്ദേഹത്തിന്റെ ഭൗതികശരീരത്തിലൂടെ ദൈവം നിസിബിസില്‍ പ്രവര്‍ത്തനനിരതനായിരു ന്നുവെന്ന് മാര്‍ അപ്രേം പറയുന്നു: “നിസിബീസിന്റെ ആദ്യപുരോഹിതനായ അദ്ദേഹം മുന്തിരിച്ചെടിയെ എന്നപോലെ അവളെ പരിചരിച്ച് അവളുടെ ശാഖകള്‍ സ്വര്‍ഗ്ഗം വരെ വളരുവാന്‍ ഇടയാക്കി. അവളുടെ മടിയില്‍ മരിച്ച് അടക്കപ്പെട്ട അദ്ദേഹം അവളുടെ ഫലമായി പരിശോഭിച്ചതിനാല്‍ അവള്‍ മരംവെട്ടുകാരുടെ കരങ്ങളാല്‍ നീക്കം ചെയ്യപ്പെടാതെ സംരക്ഷിക്കപ്പെട്ടു.” (നിസിബിയന്‍ ഗീതങ്ങള്‍, 13, 19).

പൗരസ്‌ത്യ സുറിയാനി സഭയുടെ മദ്ബഹായില്‍ ഈ ശ്രേഷ്‌ഠാചാര്യന്റെ ഓര്‍മ്മ ആചരിക്കപ്പെടുമ്പോള്‍ നാമും അദ്ദേഹത്തിന്റെ പ്രാര്‍ത്ഥനകളാല്‍ ദുഷ്‌ടനില്‍ നിന്നും എന്നും സംരക്ഷിതമായിത്തീരട്ടെ.

(കടപ്പാട്: സുറിയാനി സഭകളിലെ പ്രകാശഗോപുരങ്ങള്‍: സി. റോസ്ലിന്‍ അറവാക്കല്‍, ബേസ് തോമാ ദയ്റാ)

Leave a Reply

Your email address will not be published. Required fields are marked *